പഴയന്നൂരിൽ ഐ.ഐ.എസ്.ആർ പ്രഗതി മഞ്ഞൾ വിളവെടുപ്പുത്സവം
തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഐ.ഐ.എസ്.ആർ പ്രഗതി മഞ്ഞൾ ഇനത്തിന്റെ മുൻനിരപ്രദർശനത്തോ ട്ടത്തിന്റെ വിളവെടുപ്പ് ഉത്സവം പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മുരളീധരൻ പി.കെ ഉദ്‌ഘാടനം ചെയ്തു. പഴയന്നൂർ പഞ്ചായത്തിൽ തിരഞ്ഞെടുത്ത അഞ്ച് കർഷകരുടെ കൃഷിയിടത്തിലാണ് പ്രദർശനം നടത്തിയത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഈ ഹ്രസ്വകാല മഞ്ഞൾ ഇനം (180 ദിവസം) നാടൻ മഞ്ഞളിനെ അപേക്ഷിച്ചു 30 -34 ശതമാനം കൂടുതൽ വിളവ് നൽകുന്നു. ജൂൺ മാസം നട്ട പ്രഗതി മഞ്ഞൾ ഡിസംബർ അവസാനത്തോടു കൂടി വിളവെടുപ്പിനു തയ്യാറായി.
ശ്രീ.ഷക്കീർ കെ.എം, പതിനേഴാം വാർഡ് മെമ്പർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. സുമ നായർ പദ്ധതി വിശദീകരണം നടത്തി. വിത്ത് മുതൽ വിപണനം വരെയുള്ള കാര്യങ്ങളിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹായം ഉയർന്ന വിളവ് നേടാൻ സഹായിച്ചതായി പങ്കാളിത്ത കർഷകരായ ശ്രീ. ടി.രാംകുമാർ, ശ്രീമതി. ചിന്നക്കുട്ടി, ശ്രീ.മുരളീധരൻ.എം, ശ്രീമതി.ഉഷ, ശ്രീ.ശശിധരൻ എന്നിവർ അഭിപ്രായപ്പെട്ടു. കെ.വി.കെ ശാസ്ത്രജ്ഞരായ ഡോ. ദീപ ജെയിംസ്, ശ്രീമതി ഷമീന എസ്, ശ്രീമതി. ആരതി ബാലകൃഷ്ണൻ എന്നിവർ മുൻനിര പ്രദർശനം നടപ്പിലാക്കിയതിന്റെ അനുഭവം പങ്കു വെയ്ക്കുകയും വിളവെടുത്ത മഞ്ഞളിന്റെ വിപണനം കൃഷി വിജ്ഞാന കേന്ദ്രം മുഖാന്തിരം സാദ്ധ്യമാക്കാമെന്നും അറിയിച്ചു.





