ന്യൂട്രി സ്മാർട്ട് വില്ലേജ് ഒരുങ്ങുന്നു
തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും മാടക്കത്തറ പഞ്ചായത്ത് പതിനൊന്നാം വാർഡ് വികസന സമിതിയുടെയും ആഭിമുഖ്യത്തിൽ മാടക്കത്തറ പഞ്ചായത്തിൽ പനഞ്ചകം വാർഡിൽ (പതിനൊന്നാം വാർഡിൽ) ന്യൂട്രി സ്മാർട്ട് വില്ലേജ് പദ്ധതി പ്രകാരം പോഷകത്തോട്ടങ്ങൾ തയ്യാറാകുന്നു. ഗുണമേന്മയും പോഷകം നിറഞ്ഞതുമായ ആഹാരം എല്ലാവർക്കും ലഭ്യമാക്കുക, വീട്ടുവളപ്പിൽ വിഷരഹിതമായ പഴം - പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതിയാണിത്.
ഈ പരിപാടിയുടെ ഉദ്‌ഘാടനം 20.01.2021 നു മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഇന്ദിര മോഹൻ പോഷകത്തോട്ടത്തിൽ പച്ചക്കറി തൈകൾ നട്ടു കൊണ്ട് ഉദ്‌ഘാടനം ചെയ്തു. കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു പി . അലക്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ, ഡോ. സുമ നായർ, മാടക്കത്തറ കൃഷി ഓഫീസർ , ശ്രീമതി. അർച്ചന വിശ്വനാഥ്, പതിനൊന്നാം വാർഡ് മെമ്പർ, ശ്രീമതി. സോഫി സോജൻ, ശ്രീ . സുരേഷ് പുളിക്കൻ, മാടക്കത്തറ പതിനൊന്നാം വാർഡ് വികസന സമിതി കൺവീനർ ശ്രീ. എം.ഡി ഷാജൻ എന്നിവർ കർഷകരെ അഭിസംബോധന ചെയ്തു. ഈ പദ്ധതി മാടക്കത്തറ പഞ്ചായത്ത് മുഴുവൻ വ്യാപിപ്പിച്ചു മാടക്കത്തറ പഞ്ചായത്തിനെ സംസ്ഥാനത്തിലെ ആദ്യ ന്യൂട്രി സ്മാർട്ട് പഞ്ചായത്ത് ആയി മാറ്റാനുള്ള കർമ്മ പരിപാടികൾക്ക് തുടക്കം കുറിയ്ക്കുമെന്ന് മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഉദ്‌ഘാടന പ്രസംഗത്തിൽ അറിയിച്ചു. പ്രസ്തുത പരിപാടിയ്ക്കു കാർഷിക സർവ്വകലാശാലയുടെ സാങ്കേതിക സഹായവും നൽകാമെന്നും വിജ്ഞാന വ്യാപന വിഭാഗം മേധാവി ഉറപ്പു നൽകി . പ്രസ്തുത പരിപാടിയിൽ തിരഞ്ഞെടുത്ത കുടുംബാംഗങ്ങൾക്ക് ഒരു സെൻറ് അടുക്കളത്തോട്ടം നിർമ്മാണത്തിന് ആവശ്യമായ പരിശീലനവും പച്ചക്കറിതൈകളും ഉല്പാദന ഉപാധികളും തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം നൽകി.




