തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ പിന്‍ബലത്തോടെ പാണഞ്ചേരി സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കിന്‍റെ വനിതാ സംരംഭകര്‍ ഭക്ഷ്യോത്പന്നങ്ങളുമായി വിപണിയിലേയ്ക്ക്. കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വെച്ചു നടത്തിയ 7 ദിവസത്തെ തൊഴിലധിിഷ്ഠിത പരിശീലനത്തില്‍ പങ്കെടുത്ത 12 ഓളം വനിതകളാണ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമായി വിപണിയിലെത്തുന്നത്. നിര്‍ജ്ജലീകരിച്ച പച്ചക്കറികള്‍, അച്ചാറുകള്‍, ശീതള പാനീയങ്ങള്‍, ക്യാന്‍ഡികള്‍, ചിപ്പ്സ്, ജാതിത്തൊണ്ടില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എന്നീ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ശാസ്ത്രീയ ഉത്പാദന രീതികളില്‍ പരിശീലനം തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം ഇവര്‍ക്ക് നല്‍കി. വിവിധതരം ഡ്രയറുകള്‍, ഫ്രെയിംഗ് മെഷീന്‍, പഴങ്ങള്‍ വരട്ടി എടുക്കുവാനുപയോഗിക്കുന്ന പള്‍പ്പ് കോന്‍സന്‍ട്രേറ്റര്‍, പാക്കിംഗ് ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം ഉള്‍പ്പെടെയുളള പരിശീലനമാണുണ്ടായത്. ഓണ വിപണി ലക്ഷ്യമാക്കി ജൈത്രി എന്ന പേരിലാണ് ഉല്പന്നങ്ങള്‍ പുറത്തിറക്കുന്നത്. തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 2022 ജൂലായ് 25 മുതല്‍ ആരംഭിച്ച പരിശീലന പരിപാടിയുടെ സമാപനം 2022 ആഗസ്റ്റ് 1 ന് കേരള കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടര്‍ ഡോ. ജയശ്രീ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. മേരി റജീന, പാണഞ്ചേരി സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ശ്രീ. ജോജു എ.വി, പ്രസിഡണ്ട് ശ്രീ. വില്‍സന്‍ സി.എസ്, ശ്രീ. പ്രസാദ് മാത്യു എന്നിവരും, വനിതാ അംഗങ്ങളും പരിപാടിയില്‍ സംബന്ധിച്ചു. പരിശീലനാര്‍ത്ഥികളുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു