കൃഷി വിജ്ഞാന കേന്ദ്രം തൃശൂർ "ഗരീബ് കല്യാൺ സമ്മേളൻ" പരിപാടിയുടെ ജില്ലാതല സംഘാടനം നിർവഹിച്ചു. 2022 മെയ് മാസം 31 ന് കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് നടത്തിയ പരിപാടിയിൽ “പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധിയുടെ” പതിനൊന്നാം ഗഡു വിതരണോത്ഘാടനം ബഹു.പ്രധാന മന്ത്രി ശ്രീ.നരേന്ദ്ര മോദി നിർവഹിക്കുകയും വിവിധ ജനക്ഷേമ പദ്ധതികളുടെ ഉപഭോക്താക്കളുമായി ഓൺലൈൻ സംവാദം നടത്തുകയും ചെയ്തു.
കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയിൽ കെ. വി. കെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ അനീന ഇ ആർ സ്വാഗതം പറഞ്ഞു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് അംഗം ശ്രിമതി പുഷ്പചന്ദ്രൻ അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ആർ രവി ഉദ്ഘാടനം ചെയ്യുകയും , മാടക്കത്തറ പഞ്ചായത്ത് അംഗം ശ്രീ ഷിനോജ് ആശംസകൾ അർപ്പിക്കുകയും ചെയ്തു.
ഇതിനോടനുബന്ധിച്ചു കൃഷി വിജ്ഞാന കേന്ദ്രം കർഷകർക്കായി കൃഷി വിജ്ഞാൻ അവാർഡ് ജേതാവായ കാർഷിക സർവകലാശാല കീട ശാസ്ത്ര വിദഗ്ദ്ധൻ ഡോ ബെറിൻ പത്രോസിന്റെ നേതൃത്വത്തിൽ "സംയോജിത രോഗ കീട നിയന്ത്രണം കേരളത്തിന്റെ പ്രധാന വിളകളിൽ" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അരിമ്പൂര്‍, നടത്തറ, അന്തിക്കാട്, മണ്ണുത്തി, പട്ടിക്കാട്, മരോട്ടിച്ചാല്‍, ചാഴൂര്‍, പാണഞ്ചേരി, കാഞ്ഞാണി, ഒല്ലൂക്കര എന്നിവിടങ്ങളിൽ നിന്നും മുന്നൂറോളം കർഷകർ സെമിനാറിൽ പങ്കെടുത്തു. കർഷകർക്ക് കൃഷിക്ക് ആവശ്യമായ ജൈവനിവേശ കിറ്റുകൾ സെമിനാറിൽ വിതരണം ചെയ്തു. ഇതുകൂടാതെ കർഷകർക്ക് രോഗ കീട നിയന്ത്രണത്തിനുള്ള സംശയ നിവാരണ സെഷനുകൾ സംഘടിപ്പിച്ചു. സംയോജിത രോഗ കീട നിയന്ത്രണ സെമിനാറിൽ കുമ്മായ പ്രയോഗത്തിന്റെ പ്രാധാന്യം, നിലമൊരുക്കൽ, വിളകളിലെ വൈവിധ്യം, വളപ്രയോഗരീതികൾ, ജലസേചനം, ശുചിത്വം എന്നിവയെ കുറിച്ച് പ്രതിപാദിച്ചു.